---
title: "തെളിഞ്ഞു കാണും...! ഇനി വാട്സ്ആപ് കോളുകളിൽ അൺനോൺ നമ്പറുകളില്ല; വിളിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ സ്ക്രീനിൽ, പുതിയ അപ്ഡേറ്റുമായി മെറ്റ"
english_title: "WhatsApp Introduces New Security Features Call Screening Strong Password Passkey Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380467/ whatsapp-new-security-features-call-screening-password-passkey-update"
published_at: "2026-08-30T21:45:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a945765801ea_whatsapp-new-security-features-call-screening-password-passkey-update.jpg"
keywords: ["WhatsApp New Features", "WhatsApp Security Update", "WhatsApp Call Screening", "WhatsApp Passkey", "Cyber Security"]
---

# തെളിഞ്ഞു കാണും...! ഇനി വാട്സ്ആപ് കോളുകളിൽ അൺനോൺ നമ്പറുകളില്ല; വിളിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ സ്ക്രീനിൽ, പുതിയ അപ്ഡേറ്റുമായി മെറ്റ

> **Lead Summary:** ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിംഗും വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വാട്സ്ആപ് പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് കമ്പനി വ്യക്തമാക്കി.

## Article Content

ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിംഗും വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വാട്സ്ആപ് പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് കോൾ സ്ക്രീനിങ് സംവിധാനം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് വാട്സ്ആപ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സേവ് ചെയ്യാത്ത അൺനോൺ നമ്പറുകളിൽ നിന്ന് വാട്സ്ആപ് കോളുകൾ എത്തുമ്പോൾ വിളിക്കുന്നയാളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ സ്ക്രീനിൽ തന്നെ ലഭ്യമാകും.

കോൾ ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, വിളിക്കുന്ന വ്യക്തി ഉപയോക്താവ് അംഗമായിട്ടുള്ള ഏതെങ്കിലും വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സ്ക്രീനിൽ തെളിയുക.

വാട്സ്ആപ് വഴിയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ കോൾ സ്ക്രീനിങ് സംവിധാനം ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അൺനോൺ നമ്പറിൽ നിന്നുള്ള കോൾ എത്തുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത് അറ്റൻഡ് ചെയ്യണമോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാനും സാധിക്കും.

ഇതുവഴി സംശയാസ്പദമായ കോളുകൾ സ്വീകരിക്കുന്നതിന് മുമ്പ് കൂടുതൽ ജാഗ്രത പുലർത്താൻ കഴിയും. കോൾ സ്ക്രീനിങിന് പുറമേ അക്കൗണ്ട് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പാസ്‌വേഡ് സംവിധാനത്തിലും വാട്സ്ആപ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ഇതുവരെ അക്കൗണ്ട് സുരക്ഷയ്ക്കായി ആറ് അക്കങ്ങളുള്ള പിൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും ഉൾപ്പെടുന്ന ശക്തമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

അതേസമയം, ഒരേ വാട്സ്ആപ് അക്കൗണ്ടിൽ ഒന്നിലധികം പാസ്‌കീകൾ ചേർക്കാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണും ആൻഡ്രോയിഡ് ഡിവൈസുകളും മാറിമാറി ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഫേസ് ഐഡി അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് പാസ്‌വേഡ് നൽകാതെ തന്നെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും പാസ്‌കീ സംവിധാനം സഹായിക്കും. ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും തട്ടിപ്പുകളിൽ നിന്ന് പരിരക്ഷയും നൽകുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ് പുതിയ സുരക്ഷാ അപ്ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്.

**English Summary:**

WhatsApp has introduced new security features amid rising online fraud and account hacking. Key feature is Call Screening for Android users, showing country and mutual group info for unknown numbers, helping users decide whether to attend calls. WhatsApp also upgraded from 6-digit PIN to strong passwords with letters and symbols, and added support for multiple passkeys, allowing login via Face ID or fingerprint, especially useful for those switching between iPhone and Android.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380467/ whatsapp-new-security-features-call-screening-password-passkey-update)